Categary |
: |
മഹാക്ഷേത്രം |
|
ക്ഷേത്രം |
: |
Guruvayur |
പ്രതിഷ്ഠ |
: |
Vishnu |
Address |
: |
Guruvayur
Thrissur |
Phone | : | 0487 255 6335 |
Email | : | devaswom.guruvayur@gmail.com |
Website | : | http://guruvayurdevaswom.nic.in/ |
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം.
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനാണ്. പാതാളാഞ്ജനം എന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു. വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.
ഹിന്ദുനിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളുണ്ട്. ഭാവവ്യത്യാസമനുസരിച്ച് ശംഖ്, ചക്രം, ഗദ, പദ്മം (താമര) എന്നിവ ധരിച്ച കൈകൾക്കും വ്യത്യാസം കാണാൻ കഴിയും. പുറകിലെ വലതുകയ്യിൽ ചക്രം, മുമ്പിലെ വലതുകയ്യിൽ പദ്മം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുമ്പിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാർദ്ദനൻ എന്നുപറയും. ഗുരുവായൂരിലെ വിഗ്രഹം ഈ രൂപത്തിലാണ്.
ചരിത്രം
പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ (കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ്) ബ്രഹ്മാവ് സൃഷ്ടി കർമ്മത്തിലേർപ്പെട്ടു കൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷനാകുകയും താൻ തന്നെ പുത്രനായി നാലുജന്മങ്ങളിൽ അവതരിയ്ക്കാമെന്നും അപ്പോഴെല്ലാം തങ്ങൾക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്നും പറയുകയും ചെയ്തു. അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു. പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു.
മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു. ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ദ്വാരക ഏഴുദിവസം കഴിഞ്ഞാൽ കടലടിച്ചുപോകുമെന്നും ആ സമയത്ത് താനും തന്റെ മാതാപിതാക്കളും നാലുജന്മങ്ങളിൽ പൂജിച്ച ദിവ്യവിഗ്രഹം മാത്രം രക്ഷപ്പെട്ട് കടൽവെള്ളത്തിൽ ഒഴുകിനടക്കുമെന്നും അത് ദേവഗുരുവായ ബൃഹസ്പതിയെഏല്പിയ്ക്കണമെന്നും ആവശ്യപ്പെട്ടു. ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ കലിയുഗത്തിൽ ഭക്തരുടെ രക്ഷയ്ക്കായി താൻ ആ വിഗ്രഹത്തിൽ എന്നും സാന്നിദ്ധ്യമരുളുമെന്നും ഭഗവാൻ പറഞ്ഞു. ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാംദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും? ഉടനെത്തന്നെ ബൃഹസ്പതി ശിഷ്യനായ വായുദേവനെ വിളിച്ചു. ഇരുവരും കൂടി വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. എങ്ങും പച്ചപ്പുനിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അദ്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. തങ്ങൾ നിൽക്കുന്ന സ്ഥലം തന്നെയാണ് വിഗ്രഹപ്രതിഷ്ഠയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ശിവൻ ബൃഹസ്പതിയോടും വായുദേവനോടുമായി പറഞ്ഞു. താൻ ഒരുപാടുകാലം ഇവിടെ തപസ്സുചെയ്തതും പ്രജാപതിസ്ഥാനത്തിനായി തപസ്സിരിയ്ക്കാൻ വന്ന പ്രചേതസ്സുക്കൾക്ക് വിഷ്ണുസ്തുതി പറഞ്ഞുകൊടുത്തതുമെല്ല്ലാം അദ്ദേഹം പറഞ്ഞു. ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യസമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.
പ്രതാനവഴിപടുകള്‍
കേരളത്തിലെ ക്ഷേത്രങ്ങളിൽ സ്ഥിരം കണ്ടുവരാറുള്ള മിക്ക വഴിപാടുകളും ഗുരുവായൂരിലുമുണ്ടാകാറുണ്ട്. പുരുഷസൂക്തം, ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, സന്താനഗോപാലം തുടങ്ങിയ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ; പാൽപായസം, നെയ്പായസം, അപ്പം, അട, വെണ്ണ, അവിൽ, മലർ തുടങ്ങിയ നിവേദ്യങ്ങൾ; ലക്ഷ്മീനാരായണപൂജ, സത്യനാരായണപൂജ, വിഷ്ണുപൂജ തുടങ്ങിയ വിവിധതരം പൂജകൾ;ഗണപതിഹോമം, മൃത്യുഞ്ജയഹോമം, സുദർശനഹോമം തുടങ്ങിയ ഹോമങ്ങൾ; നിത്യേനയുള്ള കളഭച്ചാർത്ത്; തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾകൊണ്ടുള്ള മാലകൾ; നെയ് വിളക്ക്, എണ്ണവിളക്ക് - അങ്ങനെ പോകുന്നു ആ പട്ടിക. എന്നാൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഉദയാസ്തമനപൂജയും കൃഷ്ണനാട്ടവുമാണ്.
പ്രതാനഉത്സവങ്ങള്‍
ഗുരുവായൂർ ഉൽസവം
ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു.
ഏകാദശി
വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി - അന്നാണ് ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത് (കുംഭമാസത്തിലെ പൂയം നാളിൽ തുടങ്ങി അനിഴം നാളിൽ കഴിയുന്ന വിധത്തിലാണ് പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. ഈ പത്ത് ദിവസങ്ങളിലാണ് ക്ഷേത്രോത്സവം). കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച് അർജ്ജുനന് ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന് ഉണ്ട്. അതിനാൽ ഈ ദിവസംഗീതാദിനമായും ആഘോഷിക്കുന്നു.[7] ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ് എത്തുക. ഏകാദശി ദിവസം ഭക്തർക്ക് അരിഭക്ഷണമില്ല; എന്നാൽ ഭഗവാന് സധാരണ പോലെയാണ്.
അഷ്ടമി രോഹിണി
ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണി നക്ഷത്രവും കൂടിയ ദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണി. ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു.
ചെമ്പൈ സംഗീതോത്സവം
സംഗീതസാമ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാണ് ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാണ് ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.
വഴി
തൃശ്ശൂർ പട്ടണത്തിൽ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.